Photo: FIFA
ലോക ഫുട്ബോളിന്റെ വികസനത്തിനായി വമ്പൻ ധനസഹായ പാക്കേജ് പ്രഖ്യാപിക്കാൻ ഫിഫ ഒരുങ്ങുന്നു. 2027 മുതൽ 2030 വരെയുള്ള കാലയളവിലേക്ക് 6.35 ബില്യൺ ഡോളറിന്റെ ഫണ്ടാണ് നിർദ്ദേശത്തിലുള്ളത്.
പദ്ധതി അംഗീകരിക്കപ്പെട്ടാൽ ഫിഫയിലെ 211 അംഗ അസോസിയേഷനുകൾക്കും ഓരോന്നിനും 25 മില്യൺ ഡോളർ വീതം ലഭിക്കും. നേരത്തെ നിശ്ചയിച്ചിരുന്നത് 10 മില്യൺ ഡോളർ മാത്രമായിരുന്നു. ആറ് ഭൂഖണ്ഡ കോൺഫെഡറേഷനുകൾക്ക് ഓരോന്നിനും 99 മില്യൺ ഡോളറും നിർദ്ദേശത്തിലുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ വാർത്തയാണ്. അംഗ അസോസിയേഷൻ എന്ന നിലയിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) ഈ തുകയ്ക്ക് പരിധിയിൽ വരും. നിലവിലെ Forward പദ്ധതിയിൽ നാല് വർഷത്തേക്ക് പരമാവധി 8 മില്യൺ ഡോളർ വരെയാണ് ലഭ്യമായിരുന്നത്. എന്നാൽ പുതിയ തുക ഉറപ്പായ പണമായി കണക്കാക്കാനാവില്ല; അന്തിമ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും വിതരണം.
48 ടീമുകളുമായി നടന്ന ലോകകപ്പിന്റെ അഭൂതപൂർവമായ വാണിജ്യ വിജയമാണ് ഈ വർധനവിന് പിന്നിൽ. ഫണ്ടിന്റെ 3.5 ബില്യൺ ഡോളറിലേറെ ഫിഫയുടെ കരുതൽ ധനത്തിൽ നിന്ന് എടുക്കാനാണ് നിർദ്ദേശം. അംഗീകാരം ലഭിച്ചാൽ വനിതാ, യുവ ഫുട്ബോളിന് പ്രത്യേക ഊന്നലോടെ, ആസൂത്രണം ചെയ്ത വിതരണം ഇരട്ടിയിലേറെയാകും.
ഒക്ടോബർ 15-ന് ചേരുന്ന ഫിഫ കൗൺസിലിൽ നിർദ്ദേശം ചർച്ച ചെയ്യും. ഡിസംബറിൽ കൗൺസിൽ അന്തിമ രൂപം നൽകിയ ശേഷം 2027 മാർച്ചിലെ ഫിഫ കോൺഗ്രസിന്റെ അംഗീകാരം വേണം.
അടുത്ത വർഷം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ജിയാനി ഇൻഫാന്റിനോയ്ക്കെതിരെ യൂറോപ്യൻ ഫുട്ബോൾ നേതാക്കൾ എതിർ സ്ഥാനാർത്ഥിയെ തിരയുന്നതിനിടെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.