ആഴ്സണലിന്റെ പതിനാറുകാരൻ വിംഗർ മാക്സ് ഡൗമാൻ ഇനി മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകളുടെ ഉടമ. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഫുട്ബോൾ എഡിഷൻ 2027 പുറത്തിറങ്ങുന്നതിന് മുന്നോടിയായി, ആഴ്സണൽ പരിശീലന ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഡ്ജുഡിക്കേറ്റർ കെയ്റ്റ്ലിൻ ഹൈം താരത്തിന് മൂന്ന് സർട്ടിഫിക്കറ്റുകൾ കൈമാറി. പുതിയ പുസ്തകത്തിലെ 'ക്ലാസ് ഓഫ് 27' പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ഡൗമാനാണ്; ആ വിഭാഗത്തിലെ ആദ്യ പ്രൊഫൈലും അവന്റേതാണ്.
ആദ്യ റെക്കോർഡ് ചാമ്പ്യൻസ് ലീഗിലാണ്. 2025 നവംബർ നാലിന് സ്ലാവിയ പ്രാഗിനെതിരെ പകരക്കാരനായി ഇറങ്ങിയപ്പോൾ ഡൗമാന് വെറും 15 വയസ്സും 308 ദിവസവും മാത്രമായിരുന്നു പ്രായം — യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് ടൂർണമെന്റിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. യൂസുഫ മൂക്കോക്കോയുടെ പേരിലുണ്ടായിരുന്ന മുൻ റെക്കോർഡ് 75 ദിവസം വ്യത്യാസത്തിലാണ് അവൻ മറികടന്നത്.
രണ്ടാം റെക്കോർഡ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്നതാണ്. കഴിഞ്ഞ മാർച്ച് 14ന് എവർട്ടനെതിരായ 2-0 ജയത്തിൽ 16 വയസ്സും 73 ദിവസവും പ്രായമുള്ളപ്പോഴാണ് ഡൗമാൻ ലീഗിലെ തന്റെ ആദ്യ ഗോൾ നേടിയത്. 2005ൽ ജെയിംസ് വോണിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
മൂന്നാം റെക്കോർഡ് കിരീടവുമായി ബന്ധപ്പെട്ടതാണ് — പ്രീമിയർ ലീഗ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 16 വയസ്സും 144 ദിവസവും പ്രായമുള്ളപ്പോൾ ആഴ്സണലിനൊപ്പം ലീഗ് കിരീടമുയർത്തിയ ഡൗമാൻ, ഫിൽ ഫോഡന്റെ പേരിലുണ്ടായിരുന്ന മുൻ റെക്കോർഡ് ഒരു വർഷത്തിലധികം വ്യത്യാസത്തിൽ മറികടന്നതായി ഗിന്നസ് വ്യക്തമാക്കുന്നു.
ലീഡ്സ് യുണൈറ്റഡിനെതിരെ അരങ്ങേറ്റം കുറിച്ച് പ്രീമിയർ ലീഗ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി തുടങ്ങിയ ഡൗമാന്റെ ഉയർച്ച അതിവേഗത്തിലാണ്. 17 വയസ്സ് തികയുന്നതിന് മുമ്പ് മൂന്ന് ഗിന്നസ് റെക്കോർഡുകൾ എന്നത് അസാധാരണ നേട്ടമാണെന്ന് പുസ്തകത്തിന്റെ സീനിയർ എഡിറ്റർ ടോം ബെക്കർലെഗ് അഭിപ്രായപ്പെട്ടു. ലാമിൻ യമാൽ, ജൂഡ് ബെല്ലിംഗ്ഹാം, എർലിങ് ഹാളണ്ട് തുടങ്ങിയ വൻതാരങ്ങൾക്കൊപ്പമാണ് പുതിയ എഡിഷനിൽ ഡൗമാനും ഇടം നേടിയിരിക്കുന്നത്.
