സാന്റോസ് മുന്നേറ്റതാരം നെയ്മർക്ക് ആറ് മത്സരങ്ങൾ വരെ നീളുന്ന വിലക്ക് ഭീഷണിയായി. ശനിയാഴ്ച ബാഹിയക്കെതിരായ ബ്രസീലിയൻ ലീഗ് മത്സരത്തിനിടെ വാക്കുതർക്കത്തിനിടെ വായ് കൈകൊണ്ട് മറച്ചതിനാണ് താരത്തിനെതിരെ നടപടി വരുന്നത്.
ബാഹിയ മിഡ്ഫീൽഡർ റോഡ്രിഗോ നെസ്റ്ററുമായുള്ള തർക്കത്തിനിടെ നെയ്മർ വായ് മറച്ചതോടെ റഫറി താരത്തിന് ചുവപ്പ് കാർഡ് കാണിച്ചു. വിനീഷ്യസ് ജൂനിയർ റൂൾ എന്നറിയപ്പെടുന്ന നിയമത്തിന്റെ ലംഘനമായാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തർക്കത്തിനിടെ വായ് മറച്ച് സംസാരിക്കുന്നത് വംശീയമോ അധിക്ഷേപകരമോ ആയ വാക്കുകൾ മറയ്ക്കാൻ ഉപയോഗിക്കപ്പെടുന്നത് തടയാനാണ് ഈ നിയമം കൊണ്ടുവന്നത്.
സംഭവത്തിൽ ബാഹിയ ശക്തമായ പ്രതിഷേധം അറിയിച്ചു. നെയ്മർ തങ്ങളുടെ താരത്തോട് അധിക്ഷേപകരമായ വാക്കുകൾ പറഞ്ഞെന്നാണ് ക്ലബ്ബിന്റെ ആരോപണം. തന്നോടും ബാഹിയയുടെ ജേഴ്സിയോടും വലിയ അനാദരവ് കാട്ടുന്ന വാക്കുകളാണ് നെയ്മർ പറഞ്ഞതെന്ന് നെസ്റ്ററും മത്സരശേഷം പറഞ്ഞു.
എന്നാൽ നെയ്മർ ആരോപണം നിഷേധിച്ചു. വായ് മറച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും എതിരാളിയെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് താരത്തിന്റെ നിലപാട്. വംശീയതയെ ചെറുക്കാനുള്ള നിയമം തനിക്കെതിരെ ദുരുപയോഗം ചെയ്തുവെന്നും നെസ്റ്ററുടെ പെരുമാറ്റം ഫുട്ബോളിലെ ഏറ്റവും വൃത്തികെട്ട തന്ത്രങ്ങളിലൊന്നാണെന്നും നെയ്മർ ആരോപിച്ചു.
ബ്രസീലിലെ സ്പോർട്സ് ട്രൈബ്യൂണലിന് (എസ്ടിജെഡി) മുന്നിലാണ് ഇനി കേസ്. ബുധനാഴ്ച (ഒക്ടോബർ 28) നടക്കുന്ന ഹിയറിങ്ങിൽ ശിക്ഷ തീരുമാനിക്കും. കുറ്റം തെളിഞ്ഞാൽ ഒരു മുതൽ ആറ് മത്സരങ്ങൾ വരെ വിലക്കും ഒരു ലക്ഷം ബ്രസീലിയൻ റിയാൽ വരെ പിഴയും ലഭിക്കാം. പരമാവധി ശിക്ഷ ലഭിച്ചാൽ സാന്റോസിന്റെ ശേഷിക്കുന്ന ലീഗ് മത്സരങ്ങളെല്ലാം നെയ്മർക്ക് നഷ്ടമാകും. അതിന് മുമ്പ് തന്നെ, ചുവപ്പ് കാർഡും സീസണിലെ മൂന്നാം മഞ്ഞക്കാർഡും കാരണം ബ്രഗാന്റിനോക്കെതിരായ അടുത്ത മത്സരവും താരത്തിന് നഷ്ടമാകും.
വിനീഷ്യസ് ജൂനിയർക്ക് നേരെ ഉണ്ടായ വംശീയ അധിക്ഷേപ ആരോപണത്തെ തുടർന്നാണ് വായ് മറച്ചുള്ള സംസാരത്തിനെതിരെ കടുത്ത നിയമം വന്നത്. ഇപ്പോൾ അതേ നിയമം ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർക്ക് തന്നെ വിനയാകുന്ന കാഴ്ചയാണ് കാണുന്നത്. ബുധനാഴ്ചത്തെ വിധി സാന്റോസിന്റെ സീസണിലെ അവശേഷിക്കുന്ന പോരാട്ടങ്ങളുടെ ഗതി തന്നെ മാറ്റിയേക്കാം.
