Photo: Madrid Universal
റയൽ മാഡ്രിഡ് ടെലിവിഷന്റെ രീതികളെ നാസി ജർമനിയുടെ പ്രചാരണമന്ത്രിയായിരുന്ന ജോസഫ് ഗീബൽസിന്റെ തന്ത്രങ്ങളോട് ഉപമിച്ച ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് ഉടൻ രാജിവെക്കണമെന്ന് റയൽ മാഡ്രിഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
റെഫറിമാർക്കെതിരെ ക്ലബ് ചാനൽ നടത്തുന്ന പ്രചാരണത്തെ വിമർശിച്ച് ടെബാസ് സോഷ്യൽ മീഡിയയിൽ നീണ്ട കുറിപ്പ് പങ്കുവെച്ചതാണ് വിവാദത്തിന് തുടക്കം. അനുകൂല രംഗങ്ങൾ തിരഞ്ഞെടുക്കുക, പരാതി ആവർത്തിക്കുക, സംശയം വളർത്തുക, ശത്രുക്കളെ ചൂണ്ടിക്കാണിക്കുക — ഈ രീതി ഗീബൽസിന്റെ പ്രചാരണ തന്ത്രങ്ങളെ ഓർമിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. താരതമ്യം തന്ത്രങ്ങളോട് മാത്രമാണെന്നും പ്രത്യയശാസ്ത്രത്തോടോ ആരാധകരോടോ അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ആ വിശദീകരണം മാഡ്രിഡ് തള്ളി. സ്പാനിഷ് ഫുട്ബോളിലെ രണ്ട് ഉന്നത പദവികൾ വഹിക്കുന്ന ഒരാൾ ഇത്തരമൊരു ഉപമ ഉപയോഗിക്കുന്നത് അങ്ങേയറ്റം ഗുരുതരമാണെന്നാണ് ക്ലബിന്റെ നിലപാട്. ടെബാസിന്റെ പെരുമാറ്റം നിഷ്പക്ഷതയ്ക്കും ബഹുമാനത്തിനും ചേരുന്നതല്ലെന്നും അതിനാൽ ലാ ലിഗ പ്രസിഡന്റ്, സ്പാനിഷ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് എന്നീ പദവികളിൽ നിന്ന് അദ്ദേഹം ഉടൻ മാറണമെന്നും ക്ലബ് ആവശ്യപ്പെട്ടു.
ബാഴ്സലോണ മുൻ റെഫറി കമ്മിറ്റി ഉദ്യോഗസ്ഥന് പണം നൽകിയെന്ന നെഗ്രെയ്റ കേസിൽ ലാ ലിഗയും ഫെഡറേഷനും നടപടി എടുക്കുന്നില്ലെന്നും മാഡ്രിഡ് കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ പൂർണ അന്വേഷണം ആവശ്യപ്പെട്ട് യുവേഫയെ സമീപിച്ചതായും റെഫറി സംവിധാനത്തിൽ സമഗ്ര മാറ്റം വേണമെന്നും ക്ലബ് അറിയിച്ചു.
ടെബാസും മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരെസും തമ്മിലുള്ള പോര് പുതിയതല്ല. സെപ്റ്റംബറിലും റെഫറിമാരെ വിമർശിച്ചതിന് ടെബാസ് ക്ലബിനെതിരെ രംഗത്തെത്തിയപ്പോൾ മാഡ്രിഡ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
