മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ സ്പോർട്ടിങ് ക്ലബ് ഡൽഹി അവിശ്വസനീയ തിരിച്ചുവരവ് നടത്തി. 2-0ന് പിന്നിൽ നിന്ന ശേഷം മുംബൈ സിറ്റിയെ 3-2ന് തോൽപ്പിച്ചാണ് ഡൽഹി ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. സീസണിലെ ആദ്യ ഹോം മത്സരത്തിൽ ജയം തേടിയിറങ്ങിയ മുംബൈയ്ക്ക് നിരാശ മാത്രം ബാക്കി.
മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ മുംബൈ മുന്നിലെത്തി. പി എൻ നൗഫലിന്റെ അസിസ്റ്റിൽ മുഹമ്മദ് അജ്സൽ ഗോൾ നേടി. 27-ാം മിനിറ്റിൽ നൗഫലിന്റെ തന്നെ മറ്റൊരു അസിസ്റ്റിൽ സോത്തൻപുയ രണ്ടാം ഗോൾ നേടിയതോടെ മുംബൈ ആധിപത്യം ഉറപ്പിച്ചതായി തോന്നി. എന്നാൽ രണ്ടാം പകുതിയിൽ കളി പാടെ മാറി.
73-ാം മിനിറ്റിൽ കാർലോസ് ഫോർട്ടസിന്റെ ഗോളോടെ ഡൽഹി ഒരെണ്ണം മടക്കി. അതിന് ശേഷം അവസാന മിനിറ്റുകളിൽ രണ്ട് ഗോൾ കൂടി നേടി ഡൽഹി കളി 3-2ന് തങ്ങളുടെ പക്ഷത്താക്കി. രണ്ടാം പകുതിയിൽ മൂന്ന് ഗോളും നേടിയാണ് ഡൽഹി അട്ടിമറി പൂർത്തിയാക്കിയത്.
ഈ തോൽവിയോടെ മുംബൈയുടെ ജയമില്ലാത്ത തുടക്കം നാല് മത്സരങ്ങളായി നീണ്ടു. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് മനോലോ മാർക്വേസിന്റെ ടീമിനുള്ളത്. സീസണിൽ ആദ്യ ജയം തേടുന്ന മുംബൈയ്ക്ക് ഇനിയും കാത്തിരിക്കണം. മറുവശത്ത് മൂന്ന് മത്സരങ്ങളിൽ ഒരു പോയിന്റ് മാത്രമുണ്ടായിരുന്ന ഡൽഹി ഈ ജയത്തോടെ നാല് പോയിന്റിലെത്തി.
