ഫ്രഞ്ച് ഫുട്ബോളിലെ ഏറ്റവും പാരമ്പര്യമുള്ള ക്ലബ്ബുകളിലൊന്നായ ബോർഡോയുടെ പതനം ഔദ്യോഗികമായി. ആറ് തവണ ഫ്രാൻസിന്റെ ചാമ്പ്യന്മാരായ ജിറോണ്ടിൻസ് ഈ സീസണിൽ രാജ്യത്തെ ആറാം നിര ലീഗായ റീജിയണൽ 1ലാണ് കളിക്കുകയെന്ന് ന്യൂവെല്ലെ-അക്വിറ്റെയ്ൻ ലീഗ് വ്യാഴാഴ്ച സ്ഥിരീകരിച്ചു.
സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ വേനൽക്കാലത്ത് ക്ലബ്ബിന് പിഴ ചുമത്തിയിരുന്നു. 2025-26, 2026-27 സീസണുകൾക്കായി ആവശ്യമായിരുന്ന ഏകദേശം ഒരു കോടി യൂറോ കണ്ടെത്താനോ കടബാധ്യതകൾ തീർക്കാനോ ക്ലബ്ബിന് കഴിഞ്ഞില്ല. ഇതോടെയാണ് ഫ്രഞ്ച് ഫുട്ബോളിന്റെ മുകൾനിരയിൽ നിന്ന് അമച്വർ തലത്തിലേക്കുള്ള ഈ വീഴ്ച.
കഴിഞ്ഞ മാസം ക്ലബ്ബ് വെറും ഒരു യൂറോ എന്ന പ്രതീകാത്മക തുകയ്ക്ക് അമേരിക്കൻ നിക്ഷേപ ഗ്രൂപ്പായ പാർക്ക് ബെഞ്ചിന് വിറ്റിരുന്നു; ശേഷിക്കുന്ന കടം ഏറ്റെടുക്കാമെന്ന വ്യവസ്ഥയിലായിരുന്നു ഇടപാട്. ലീഗിന്റെ മേൽനോട്ട കമ്മീഷൻ ക്ലബ്ബിന്റെ പുനരുദ്ധാരണ ബജറ്റ് അംഗീകരിച്ചതിന് പിന്നാലെ റീജിയണൽ 1ൽ കളിക്കാൻ ഏകകണ്ഠമായ അനുമതിയും ലഭിച്ചു. "പുനർനിർമാണം ഇനി തുടങ്ങാം" എന്ന് പുതിയ പ്രസിഡന്റ് ഡൊമിനിക് ഡെൽപോർ പറഞ്ഞു.
ഒക്ടോബർ 20ന് പുതിയ ഉടമകൾ വാണിജ്യ കോടതിയിൽ ഹാജരാകും. 12 വർഷത്തേക്ക് നീളുന്ന പുതിയ പദ്ധതി പ്രകാരം ക്ലബ്ബിന്റെ കടം 2.6 കോടി യൂറോയിൽ നിന്ന് 1.3 കോടി യൂറോയായി പകുതിയാകും. നിലവിലെ ടീം പ്രധാനമായും അമച്വർ താരങ്ങളാണ്; അഞ്ച് പേർക്ക് മാത്രമാണ് പ്രൊഫഷണൽ കരാർ അനുവദിച്ചിട്ടുള്ളത്, അതിലൊന്ന് മുൻ ലീഗ് 1 സ്ട്രൈക്കർ ബാപ്റ്റിസ്റ്റ് ഗില്ലോമിനാണ്.
ഫ്രാൻസിന്റെ ഇതിഹാസ താരം സിനദിൻ സിദാൻ പേരെടുത്തത് ഈ ക്ലബ്ബിലാണ്. 1998 ലോകകപ്പ് ജേതാക്കളായ ബിക്സെന്റെ ലിസറാസുവും ക്രിസ്റ്റോഫ് ഡുഗാറിയും ഉൾപ്പെടെ വലിയ താരങ്ങളെ വാർത്തെടുത്ത അക്കാദമിയായിരുന്നു ബോർഡോയുടേത്. എന്നാൽ 2022ൽ ലീഗ് 2ലേക്ക് താഴ്ത്തപ്പെട്ട ക്ലബ്ബ് 2024ൽ കോടതി പുനഃക്രമീകരണത്തിലേക്ക് പോയതോടെ പ്രൊഫഷണൽ പദവിയും പ്രശസ്തമായ അക്കാദമിയും നഷ്ടമായി. ഇനി താഴെ നിന്ന് തുടങ്ങുന്ന നീണ്ട തിരിച്ചുവരവാണ് ചരിത്ര ക്ലബ്ബിന് മുന്നിലുള്ളത്.
