പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടൺ വീണ്ടും ഉടമസ്ഥമാറ്റത്തിന്റെ വക്കിൽ. ക്ലബ്ബിന്റെ നിയന്ത്രണ ഓഹരി വിൽക്കുന്നതടക്കമുള്ള പുതിയ നിക്ഷേപ സാധ്യതകൾ പരിശോധിക്കുകയാണെന്ന് ഉടമകളായ അമേരിക്കൻ ഫ്രീഡ്കിൻ ഗ്രൂപ്പ് വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
2024 ഡിസംബറിലാണ് ഫ്രീഡ്കിൻ ഗ്രൂപ്പ് എവർട്ടണിന്റെ നിയന്ത്രണം ഏറ്റെടുത്തത്; അതോടെ ഫർഹാദ് മൊഷീരിയുടെ പ്രശ്നഭരിതമായ കാലഘട്ടത്തിന് അവസാനമായി. അന്ന് സാമ്പത്തിക അനിശ്ചിതത്വത്തിലും കളത്തിനകത്തും പുറത്തും പ്രതിസന്ധിയിലുമായിരുന്നു ക്ലബ്ബ്. സ്ഥിരതയും നിക്ഷേപവും എത്തിക്കുക, ഏറെക്കാലമായി കാത്തിരുന്ന പുതിയ സ്റ്റേഡിയം പൂർത്തിയാക്കുക എന്നതായിരുന്നു പുതിയ ഉടമകളുടെ ആദ്യ ലക്ഷ്യം.
ഗുഡിസൺ പാർക്കിൽ നിന്ന് ഹിൽ ഡിക്കിൻസൺ സ്റ്റേഡിയത്തിലേക്കുള്ള മാറ്റം ഉൾപ്പെടെ ആ അടിത്തറ ഇപ്പോൾ സുരക്ഷിതമായെന്നും, ക്ലബ്ബിന്റെ അടുത്ത അധ്യായത്തെക്കുറിച്ച് ആലോചിക്കാൻ സമയമായെന്നുമാണ് ഗ്രൂപ്പിന്റെ നിലപാട്. എന്നാൽ ഏത് താൽപര്യവും പരിഗണിക്കുന്നത് ക്ലബ്ബിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ശരിയായ സൂക്ഷിപ്പുകാർ എന്ന് ഉറച്ച് വിശ്വസിക്കുന്നവരിൽ നിന്ന് മാത്രമായിരിക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
ഈ പരിശോധന നടക്കുമ്പോഴും ക്ലബ്ബിനുള്ള പിന്തുണയിൽ മാറ്റമുണ്ടാകില്ലെന്നും, കളത്തിലെ വിജയത്തിനായി ആവശ്യമായ എല്ലാ സഹായവും തുടരുമെന്നും ഫ്രീഡ്കിൻ ഗ്രൂപ്പ് ഉറപ്പ് നൽകി. ഇറ്റാലിയൻ ക്ലബ്ബായ റോമയുടെയും ഉടമകളാണ് ഇവർ.
രണ്ട് വർഷം തികയുന്നതിന് മുമ്പ് തന്നെ നിയന്ത്രണം കൈമാറാൻ ഉടമകൾ തയ്യാറാകുന്നത് ഇംഗ്ലീഷ് ഫുട്ബോളിൽ വലിയ ചർച്ചയാകും. പുതിയ സ്റ്റേഡിയത്തിലേക്ക് മാറിയ എവർട്ടണിന്റെ ഭാവി ഇനി ആരുടെ കൈകളിലാകും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
