Photo: BBC Sport
മൂന്ന് വർഷം മുമ്പ് കാൽമുട്ടിലെ ഗുരുതരമായ പരിക്കിനെ തുടർന്ന് ബൂട്ട് അഴിച്ചുവെച്ച ഡേവിഡ് സിൽവ 40-ാം വയസ്സിൽ ഫുട്‌ബോളിലേക്ക് അത്ഭുതകരമായ മടങ്ങിവരവ് നടത്തിയിരിക്കുന്നു. ഹോങ്കോങ് പ്രീമിയർ ലീഗ് ക്ലബ്ബായ സുപ്രീം ഷാ ടിന്നിലാണ് സ്പാനിഷ് മിഡ്ഫീൽഡ് മാന്ത്രികൻ ചേർന്നത്. ബുധനാഴ്ചയാണ് ക്ലബ്ബ് ഈ വമ്പൻ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2023-ൽ റയൽ സോസിഡാഡിൽ പ്രീസീസൺ പരിശീലനത്തിനിടെ മുട്ടിലെ ലിഗമെന്റിന് ഗുരുതരമായി പരിക്കേറ്റതോടെയാണ് സിൽവയ്ക്ക് കരിയറിന് അപ്രതീക്ഷിത വിരാമമിടേണ്ടി വന്നത്. സ്വന്തം തീരുമാനത്തിൽ, മികച്ച ഫോമിൽ നിൽക്കെ വിടവാങ്ങാൻ കഴിയാതെ പോയ താരത്തിന് ഇപ്പോൾ വീണ്ടും കളിക്കളത്തിലിറങ്ങാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് സിൽവ. 2010 മുതൽ 2020 വരെ നീണ്ട പത്ത് വർഷത്തെ സിറ്റി കരിയറിൽ 436 മത്സരങ്ങളിൽ നിന്ന് 77 ഗോളുകളും 136 അസിസ്റ്റുകളും താരം സ്വന്തമാക്കി. നാല് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് എഫ്.എ. കപ്പുകളും അഞ്ച് ലീഗ് കപ്പുകളും ഉൾപ്പെടെ 11 പ്രധാന ട്രോഫികൾ സിറ്റിക്കൊപ്പം നേടിയിട്ടുണ്ട്.
സ്‌പെയിൻ ദേശീയ ടീമിനായി 125 മത്സരങ്ങൾ കളിച്ച സിൽവ 2010-ലെ ലോകകപ്പ് കിരീടവും 2008, 2012 യൂറോ കപ്പ് കിരീടങ്ങളും നേടിയ സ്വർണ തലമുറയുടെ ഭാഗമായിരുന്നു. സാവിക്കും ഇനിയേസ്റ്റയ്ക്കുമൊപ്പം ചേർന്ന് സ്‌പെയിൻ മിഡ്ഫീൽഡിനെ ലോകത്തിലെ ഏറ്റവും ഭയപ്പെടുന്ന യൂണിറ്റാക്കി മാറ്റിയ താരമാണ് സിൽവ.
കഴിഞ്ഞ സീസണിൽ പ്രൊമോഷൻ നേടി ഹോങ്കോങ് പ്രീമിയർ ലീഗിലെത്തിയ സുപ്രീം ഷാ ടിൻ നിലവിൽ 11 ടീമുകളുള്ള ലീഗിൽ എട്ടാം സ്ഥാനത്താണ്. ഉടൻ തന്നെ സിൽവ ഹോങ്കോങ്ങിലെത്തി ടീമിനൊപ്പം പരിശീലനം തുടങ്ങുമെന്നും ഫിറ്റ്‌നസ് പൂർണമായി വീണ്ടെടുത്ത ശേഷം അരങ്ങേറ്റം കുറിക്കുമെന്നും ക്ലബ്ബ് അറിയിച്ചു. ഷാ ടിനിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഹോങ്കോങ്ങിലെ സംസ്കാരവും ആളുകളെയും അവിടുത്തെ ഫുട്‌ബോളും ആസ്വദിക്കാൻ കാത്തിരിക്കുകയാണെന്നും വീഡിയോ സന്ദേശത്തിൽ സിൽവ പറഞ്ഞു.
40-ാം വയസ്സിലും സിൽവയുടെ പാസിങ് മാന്ത്രികത വീണ്ടും കളിക്കളത്തിൽ കാണാനാകുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോൾ ലോകം.
