ക്വാർട്ടർ ലക്ഷ്യമിട്ട് ഗോവ കുവൈറ്റിൽ; അൽ-ഖാദ്സിയക്കെതിരെ ജീവൻമരണ പോരാട്ടം

FC Goa Chiki AFC Challenge League

Photo: Khel Now

AFC ചലഞ്ച് ലീഗിൽ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ നാളെ ജയിച്ചേ തീരൂ എന്ന നിലയിൽ എഫ്·സി ഗോവ കുവൈറ്റിൽ ഇറങ്ങുന്നു. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ വെള്ളിയാഴ്ച രാത്രി 11 മണിക്ക് ഹവല്ലിയിലെ മുഹമ്മദ് അൽ-ഹമദ് സ്റ്റേഡിയത്തിൽ ആതിഥേയരായ അൽ-ഖാദ്സിയ എസ്·സിയാണ് ഗൗർസിന്റെ എതിരാളികൾ.

ഗ്രൂപ്പിൽ മൂന്ന് പോയിന്റ് മാത്രമുള്ള ഗോവയുടെ സ്ഥിതി അത്ര സുരക്ഷിതമല്ല. ആദ്യ മത്സരത്തിൽ റെഗർ-തദാസിനോട് അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ വഴങ്ങി തോറ്റ ഗോവ, രണ്ടാം മത്സരത്തിൽ ഫോർട്ടിസ് എഫ്·സിയെ 2–1ന് തോൽപ്പിച്ചാണ് പ്രതീക്ഷകൾ സജീവമാക്കിയത്. എന്നാൽ നാളെ ജയിച്ചില്ലെങ്കിൽ ഗോവയുടെ ഏഷ്യൻ യാത്ര അവിടെ അവസാനിക്കും.

മറുവശത്ത് അൽ-ഖാദ്സിയ കരുത്തോടെയാണ് എത്തുന്നത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അവർ നാല് ഗോളുകൾ നേടിയപ്പോൾ ഒരെണ്ണം പോലും വഴങ്ങിയിട്ടില്ല. റെഗർ-തദാസിനെ 1–0ന് തോൽപ്പിച്ചാണ് അവസാനം അവർ ഇറങ്ങുന്നത്. സ്വന്തം മൈതാനത്തിന്റെ മുൻതൂക്കവും കൂട്ടായാൽ ഗോവയ്ക്ക് നാളത്തെ ദൗത്യം അത്ര എളുപ്പമാകില്ല. 2014ൽ AFC കപ്പ് നേടിയ ചരിത്രമുള്ള ക്ലബ്ബാണ് അൽ-ഖാദ്സിയ.

ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്; ഒരു കുവൈറ്റ് ക്ലബ്ബിനെതിരെ ഗോവ കളിക്കുന്നതും ആദ്യമായാണ്. പരിശീലകൻ ഗൗരമംഗി സിങ്ങിന് പൂർണ്ണ ഫിറ്റ്·നസുള്ള സ്ക്വാഡ് തന്നെ ലഭ്യമാണ്.

ഗോവയുടെ പ്രതീക്ഷകൾ പ്രധാനമായും സ്പാനിഷ് ഫോർവേഡ് ചിക്കിയിലാണ്. ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഗോൾ നേടിയ ചിക്കി, ഫോർട്ടിസിനെതിരെ 85-ാം മിനിറ്റിൽ വിജയഗോളും കുറിച്ചിരുന്നു. ചലഞ്ച് ലീഗിൽ ഇതുവരെ രണ്ട് ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പ്രതിരോധത്തിൽ സന്ദേശ് ജിംഗാന്റെ പ്രകടനവും നിർണായകമാകും. ആതിഥേയരുടെ ഭാഗത്ത് റെഗർ-തദാസിനെതിരെ ഗോൾ നേടിയ നാസർ അൽ-റവാഹിയാണ് ശ്രദ്ധിക്കേണ്ട താരം.

ഗോവയുടെ സാധ്യതാ നിര: ലാറ ശർമ, റോണി ഖർബുഡോൺ, സന്ദേശ് ജിംഗാൻ, അലക്സ് വല്ലെഹോ, അലക്സ് സലായ, ഹാവോബാം സിങ്, കെ.സി. മാൽസൗംസംഗ, ഉദാന്ത സിങ്, ഫ്രാൻചു, ഹോർഹെ ഓർട്ടിസ്, ചിക്കി. മത്സരം YouTube-ൽ തത്സമയം കാണാനാകുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block