Photo: Sporting News
കേരള ബ്ലാസ്റ്റേഴ്സിലേക്ക് താങ്ബോയ് സിങ്ടോ തിരിച്ചെത്തുന്നു. ക്ലബിന്റെ പുതിയ ഫുട്ബോൾ ഡെവലപ്മെന്റ് മേധാവിയായി സിങ്ടോയെ നിയമിച്ചതായി ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ക്ലബുമായുള്ള അദ്ദേഹത്തിന്റെ രണ്ടാം അധ്യായമാണിത്.
റിസർവ് ടീമിന്റെയും യുവതാര വികസന സംവിധാനങ്ങളുടെയും മേൽനോട്ടം, പ്രതിഭകളെ കണ്ടെത്തൽ, പരിശീലക വിദ്യാഭ്യാസം, മറ്റ് ഫുട്ബോൾ വികസന പദ്ധതികൾ എന്നിവയെല്ലാം പുതിയ ചുമതലയിൽ ഉൾപ്പെടും. യുവസംവിധാനവും റിസർവ് ടീമും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി, യുവതാരങ്ങൾക്ക് ഒന്നാം ടീമിലേക്കുള്ള വഴി കൂടുതൽ വ്യക്തമാക്കുകയാണ് നിയമനത്തിലൂടെ ക്ലബ് ലക്ഷ്യമിടുന്നത്.
2017 മുതൽ 2019 വരെ ബ്ലാസ്റ്റേഴ്സിൽ ടെക്നിക്കൽ ഡയറക്ടറായും അസിസ്റ്റന്റ് മാനേജറായും സിങ്ടോ പ്രവർത്തിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിൽ ഫുട്ബോൾ ഓപ്പറേഷൻസ് മേധാവി, ഹൈദരാബാദ് എഫ്സിയിൽ മാനേജർ, ടെക്നിക്കൽ ഡയറക്ടർ ചുമതലകൾ, ഒഡിഷ എഫ്സിയിൽ അസിസ്റ്റന്റ് മാനേജർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പരിചയസമ്പന്നരായ കോച്ചുമാരിൽ ഒരാളാണ് മണിപ്പൂരിൽ നിന്നുള്ള സിങ്ടോ.
ഡെവലപ്മെന്റ് പാത ശക്തിപ്പെടുത്തുന്നതിൽ ക്ലബ് തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തെളിവാണ് ഈ നിയമനമെന്നും ഭാവിയിലേക്ക് സുസ്ഥിരമായ ഒരു ഘടന കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും ക്ലബ് പ്രസ്താവനയിൽ അറിയിച്ചു.
