ഈജിപ്തിനെതിരായ മത്സരത്തിലെ വിവേചന മുദ്രാവാക്യം; സ്പെയിന് സ്റ്റേഡിയം ഭാഗികമായി അടച്ചിടാൻ ഫിഫ ശിക്ഷ

Spain national team

Photo: BBC Sport

ഈജിപ്തിനെതിരായ മത്സരത്തിൽ കാണികൾ വിവേചന മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തിൽ സ്പെയിന് ഫിഫയുടെ ശിക്ഷ. അടുത്ത അന്താരാഷ്ട്ര സൗഹൃദ മത്സരം സ്റ്റേഡിയത്തിന്റെ 15 ശതമാനം ഭാഗം അടച്ചിട്ട് കളിക്കണമെന്നാണ് വിധി. സ്പാനിഷ് ഫുട്ബോൾ അസോസിയേഷനായ ആർഎഫ്ഇഎഫിന് 20,000 ഡോളർ പിഴയും ചുമത്തി.

മാർച്ച് 31-ന് ബാഴ്സലോണയിലെ ആർസിഡിഇ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയുടെ പത്താം മിനിറ്റിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമാണ് മുസ്ലിംകൾക്ക് എതിരായ മുദ്രാവാക്യങ്ങൾ ഉയർന്നതെന്ന് ഫിഫ ചൂണ്ടിക്കാട്ടി. രണ്ട് തവണയും സ്റ്റേഡിയം സ്ക്രീനുകളിൽ വിവേചന വിരുദ്ധ മുന്നറിയിപ്പ് പ്രദർശിപ്പിച്ചിരുന്നു; എന്നാൽ ഒരു വിഭാഗം കാണികൾ കൂവിയാണ് അതിനോട് പ്രതികരിച്ചത്.

ഇസ്ലാമോഫോബിയയും വംശീയ വിവേചനവും അടങ്ങിയ മുദ്രാവാക്യങ്ങളാണെന്ന് പറഞ്ഞ് ഫിഫ അന്നേ അച്ചടക്ക നടപടികൾ തുടങ്ങിയിരുന്നു. മുദ്രാവാക്യങ്ങൾ വിവേചന സ്വഭാവമുള്ളതല്ല എന്നായിരുന്നു ആർഎഫ്ഇഎഫിന്റെ വാദം; എന്നാൽ അതേ സമയം വിവേചന വിരുദ്ധ നടപടികൾ സ്റ്റേഡിയത്തിൽ നടപ്പാക്കിയതെന്തിന് എന്ന ചോദ്യത്തിന് വിശ്വസനീയമായ മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഫിഫയുടെ അച്ചടക്ക സമിതി ആ വാദം തള്ളി.

അടച്ചിടേണ്ട ഭാഗങ്ങൾ പ്രധാനമായും ഗോൾപോസ്റ്റുകൾക്ക് പിന്നിലെ ഗാലറികളിലായിരിക്കും. ഫിഫയുടെ അനുമതിയുണ്ടെങ്കിൽ ആ സീറ്റുകൾ സമൂഹ സംഘടനകൾക്കും കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും വിവേചന വിരുദ്ധ പ്രവർത്തകർക്കും നൽകാം. സ്പെയിൻ പരിശീലകൻ ലൂയിസ് ദെ ലാ ഫുവെന്തെ അന്ന് തന്നെ ഈ പെരുമാറ്റത്തെ അസഹനീയമെന്ന് വിശേഷിപ്പിച്ച് അപലപിച്ചിരുന്നു.

ശിക്ഷ എന്ന് നടപ്പാകുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. സ്പെയിന്റെ അടുത്ത സൗഹൃദ മത്സര വിൻഡോ ജൂണിലാണ്; നേഷൻസ് ലീഗ് ഫൈനൽസിൽ ടീം എത്തിയാൽ ശിക്ഷ യൂറോ 2028 യോഗ്യതാ റൗണ്ടിലെ ഏതെങ്കിലും മത്സരത്തിലേക്ക് നീളും. ഗോൾരഹിത സമനിലയിൽ അവസാനിച്ച ആ മത്സരത്തിന് ശേഷം ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷനും സംഭവത്തെ അപലപിച്ചിരുന്നു; ചെറിയൊരു വിഭാഗത്തിന്റെ ചെയ്തി ഇരു ഫെഡറേഷനുകളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block