Photo: Khel Now
ഐ.എസ്.എൽ പുതിയ സീസണിൽ കിരീടത്തിന് മത്സരിക്കാനാകുമെന്ന ആത്മവിശ്വാസവുമായാണ് പഞ്ചാബ് എഫ്.സി തുടക്കത്തിന് ഇറങ്ങുന്നത്. ബുധനാഴ്ച ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30-ന് ഒഡീഷ എഫ്.സിയാണ് എതിരാളികൾ. ശക്തമായ സ്ക്വാഡ് ഒരുക്കിയിട്ടുണ്ടെന്നും, എല്ലാ മത്സരവും ജയിക്കാൻ ശ്രമിക്കുമെന്നും, കിരീടത്തിന് മത്സരിക്കാനാകുമെന്ന് വിശ്വസിക്കുന്നുവെന്നും മുഖ്യ പരിശീലകൻ പാവ്‌ലോസ് ഡെർമിറ്റ്സാക്കിസ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ പഞ്ചാബ് 13 മത്സരങ്ങളിൽ 22 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു. 11 പോയിന്റുമായി 11-ാം സ്ഥാനത്തായിരുന്നു ഒഡീഷ. മേയിൽ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ അഞ്ച് ഗോൾ ത്രില്ലറിൽ പഞ്ചാബ് 3-2-ന് ജയിച്ചിരുന്നു. ഒഡീഷയ്ക്കെതിരായ അവസാന മൂന്ന് മത്സരങ്ങളിലും പഞ്ചാബ് തോറ്റിട്ടില്ല.
രണ്ടര മാസത്തെ നീണ്ട പ്രീ-സീസണാണ് പഞ്ചാബിന്റെ കരുത്ത്. എട്ട് സൗഹൃദ മത്സരങ്ങൾക്ക് പുറമെ ഐ.എഫ്.എ ഷീൽഡിൽ സെമിയിലെത്തി. ഗ്രൂപ്പിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച ടീം സെമിയിൽ മോഹൻ ബഗാനോട് പെനാൽറ്റിയിലാണ് തോറ്റത്. പ്ലാനാസ്, മെസ്സി ബൗളി, ബഹാനാക്ക്, റപ്പോസോ, മാൽസ എന്നീ വിദേശ താരങ്ങളും, ഇന്ത്യൻ താരങ്ങളായ ഇനാം, ഗുർകിരത് സിംഗ് എന്നിവരും ടീമിലെത്തി. 27 അംഗ സ്ക്വാഡിൽ 10 അക്കാദമി താരങ്ങളുമുണ്ട്. ആക്രമണവും പ്രതിരോധവും ബാലൻസ് ചെയ്ത് ആകർഷകമായ കോമ്പിനേഷൻ ഫുട്ബോൾ കളിക്കാനാണ് ശ്രമമെന്ന് ഡെർമിറ്റ്സാക്കിസ് പറഞ്ഞു.
ഒഡീഷയ്ക്ക് നേരെ വിപരീത സാഹചര്യമാണ്. പ്രീ-സീസൺ ടൂർണമെന്റുകളൊന്നും കളിക്കാതെയാണ് ടീം തുടക്കത്തിന് എത്തുന്നത്. എസെ, മോളിന, അബുർജാനിയ, ഈദ്, എവർട്ടൺ എന്നീ പുതിയ വിദേശ താരങ്ങൾ എത്ര വേഗം ടീമിനൊപ്പം ചേരുമെന്നതാണ് ചോദ്യം. ക്യാപ്റ്റൻ പ്യൂയിറ്റെയുടെ നേതൃത്വത്തിലാണ് ടീം ഇറങ്ങുന്നത്. ചെറിയ പരിക്കിനെ തുടർന്ന് മുൻകരുതലായി രാഹുൽ കെ.പി ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കില്ല.
