ഏഷ്യൻ കപ്പിന് മിസൈൽ നിഴൽ; സൗദിയിലെ സുരക്ഷയിൽ താരങ്ങൾക്ക് ആശങ്ക

Riyadh stadium

Photo: The Guardian

അടുത്ത ജനുവരിയിൽ സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിന് മുമ്പ് സുരക്ഷാ ആശങ്കകൾ ശക്തമാകുന്നു. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മിസൈൽ ആക്രമണങ്ങളിൽ പത്തിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ടൂർണമെന്റിനെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത്.

ജനുവരി ഏഴിനാണ് ഏഷ്യൻ കപ്പ് തുടങ്ങുന്നത്. റിയാദിൽ മാത്രം അഞ്ച് വേദികളിലായാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സംഘർഷ ബാധിത മേഖലയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നതിൽ ഏഷ്യയിലെ പ്രമുഖ താരങ്ങൾക്കിടയിൽ ആശങ്കയുണ്ടെന്നും ആഗോള താരങ്ങളുടെ യൂണിയനായ ഫിഫ്‌പ്രോ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ഫെഡറേഷൻ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു. താരങ്ങളുടെയും സ്റ്റാഫിന്റെയും ആരാധകരുടെയും സുരക്ഷയാണ് പരമപ്രധാനമെന്നും സുരക്ഷാ സംഘം നിരന്തരം വിവരങ്ങൾ നൽകിവരികയാണെന്നുമാണ് ഫെഡറേഷന്റെ നിലപാട്. എന്നാൽ ടൂർണമെന്റിനെ കുറിച്ച് എഎഫ്‌സി ഇതുവരെ പ്രതികരിച്ചിട്ടില്ല; ബദൽ പദ്ധതികൾ ഉണ്ടോ എന്നതും വ്യക്തമല്ല.

അവസാന നിമിഷം സൗദിയിൽ നിന്ന് ആതിഥേയത്വം എടുത്തുമാറ്റാൻ എഎഫ്‌സി തയ്യാറാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. സംഘർഷം തുടർന്നാൽ ടൂർണമെന്റ് 12 മാസം നീട്ടി 2028 ജനുവരിയിലേക്ക് മാറ്റുന്നതാണ് കൂടുതൽ സാധ്യതയുള്ള വഴിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ഓസ്‌ട്രേലിയൻ പരിശീലകൻ ടോണി പോപോവിച്ചിന്റെ കരാർ ഉൾപ്പെടെ പല ടീമുകളുടെയും തയ്യാറെടുപ്പുകളെ അത് ബാധിക്കും.

അടുത്ത മാസങ്ങളിൽ മേഖലയിലെ സ്ഥിതി ശാന്തമാകുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കത്തിന്റെ ഭാവി.


 

Post a Comment

Previous Post Next Post

ലാലിഗ

Right Click Block